Thursday, December 30, 2010

മത്സ്യഗന്ധി

മിന്നാമിനുങ്ങുകൾ അങ്ങിങ്ങ് കീറിപ്പറിച്ച
ഇരുട്ടിൻ വസ്ത്രമണിഞ്ഞാണവൾ വന്നത്!
നനഞ്ഞ കാർകൂന്തലിൽ മുഖം പൂഴ്ത്തവേ
കറുത്തുപോയ ജലകണത്തിനും മത്സ്യഗന്ധം!

കരിനാഗങ്ങളിഴയുന്ന നനയുന്ന മാറിടത്തിൽ
ചുംബിച്ചനേരം വന്യമായ് പിടച്ചിരുന്ന
പ്രണയിനിയുടെ ചുണ്ടുകളിൽ, ചൂണ്ട
കൊളുത്തിയ വെറുങ്ങലിച്ച പാടുകൾ!

ചോരപൊടിയുന്ന ചുണ്ടുകളിലെ രൂക്ഷഗന്ധത്തിൽ
ശരീരത്തിലിഴയുന്ന നാഗങ്ങൾ അകന്നുപോവുന്നു!
ഇരുട്ടിലും എണ്ണിത്തീർത്ത പച്ചനോട്ടുകളിൽ
തിളങ്ങിയ മിഴികളിൽ ചൂണ്ടയിൽ കൊരുത്ത അന്നം!

ഇരുട്ടിനെ പകുക്കുന്ന വെളിച്ചത്തിൽ നനഞ്ഞ്
നീണ്ട സമാന്തരരേഖകൾക്ക് കുറുകെ കിടക്കവേ
ഇരുട്ടിൻ വസ്ത്രമഴിച്ച് വരുന്ന മത്സ്യഗന്ധി പറയും-

‘പിളർത്തിയ വായിൽ കൊരുക്കുന്ന ചൂണ്ട
ഇരയ്ക്കും വേട്ടക്കാരനുമിടയിലെ സമസ്യാപൂരണം!
ചൂണ്ടയിലെ ചുംബനത്തിൽ ജീവിതം
വലിച്ചെറിഞ്ഞ ഒരു മത്സ്യം മനുജനായി
പുനർജ്ജനിച്ചാലോ; ചൂണ്ടയെറിയേണ്ട കൈകൾ
ഗുരുദക്ഷിണയായി ചോദിക്കും ദൈവം!‘